കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ഡി സി ബുക്സ് മുൻ എഡിറ്റർ എ.വി.ശ്രീകുമാറാണ് ഏക പ്രതി. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം.
കോട്ടയം ഈസ്റ്റ് പോലീസാണ് കേസന്വേഷിച്ചത്. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ ചേലക്കര ഉപതെരഞ്ഞെടുപ്പു സമയത്തു പുറത്തുവന്നത് രാഷ്ട്രീയ വിവാദമായിരുന്നു. തുടർന്നാണു ഡിസി ബുക്സിനെതിരെ ഇ.പി കേസ് കൊടുത്തത്.
എ.വി.ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പോലീസ് റിപ്പോർട്ട്. ഇപിയും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.